ലുങ്ക് നടന് ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ നടന്റെ സ്വകാര്യ വസതിയില്‍ ആയിരുന്നു അന്ത്യം.
തെലുങ്ക് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി. 1988 ല്‍ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്. സമരസിംഹ റെഡ്ഡി, പ്രേമിന്ചുകുണ്ടം റാ, നരസിംഹ നായിഡു,നുവ്വോസ്താനന്റെ നെനോഡന്റാന, ജുലായി, റെഡി, കിക്ക്, ജമ്പ ലക്കിഡ് പമ്പ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
തന്റെ നാല്‍പ്പതാം വയസ്സിലാണ് റെഡ്ഡി അഭിനയരംഗത്ത് എത്തുന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് 1988ല്‍ വെങ്കിടേഷ് നായകനായ ‘ബ്രഹ്മ പുത്രുദു ‘ എന്ന ചിത്രത്തില്‍ റെഡ്ഡിക്ക് അവസരം ലഭിക്കുന്നത്. നന്ദമുറി ബാലകൃഷ്ണയുടെ ‘സമരസിഹ റെഡ്ഡി’?എന്ന ചിത്രത്തിലെ കഥാപാത്രമാണ് ജയപ്രകാശ് റെഡ്ഡിയുടെ കരിയറില്‍ ബ്രേക്ക് സമ്മാനിച്ചത്.
നൂറോളം സിനിമകളില്‍ വേഷമിട്ട ജയപ്രകാശ് വില്ലന്‍ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടനാണ്. 2008ല്‍ പുറത്തിറങ്ങിയ ‘റെഡി’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ജയപ്രകാശ് റെഡ്ഡിയ്ക്ക് ഒരു ഹാസ്യപരിവേഷം നല്‍കിയത്. ധനുഷ് കേന്ദ്രകഥാപാത്രമായെത്തിയ തമിഴ് റീമേക്ക് ചിത്രം ‘ഉത്തമപുതിരനി’ലും ശ്രദ്ധേയമായ കഥാപാത്രമാണ് ജയപ്രകാശിന് ലഭിച്ചത്. ആരു, ആഞ്ജനേയ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
നടന്മാരായ പ്രകാശ് രാജ്, സുധീര്‍ ബാബു, പ്രണിത സുഭാഷ് എന്നിങ്ങനെ നിരവധി പേര് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. രാധയാണ് ഭാര്യ, മക്കള്‍ നിരഞ്ജ്, ദുഷ്യന്ത്.


