ബീഫിനെ പിന്തുണച്ചുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബോളിവുഡ് ദമ്പതികളായ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്റംഗ്ദള്‍. മധ്യപ്രദേശ് ഉജ്ജയ്നിലെ മഹാകല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനാണ് ബജ്റംഗ്ദള്‍ ‘വിലക്കേര്‍പ്പെടുത്തിയത്’. ബ്രഹ്മാസ്ത്ര സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരും ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. സെപ്തംബര്‍ ഒമ്പതിനാണ് റിലീസ്. ലോകത്തുടനീളം എണ്ണായിരം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
കരിങ്കൊടിയും ജയ് ശ്രീരാം മുദ്രാവാക്യം വിളിയുമായാണ് പ്രതിഷേധക്കാര്‍ താരങ്ങളെ വരവേറ്റത്. പ്രതിഷേധക്കാരില്‍ നിന്ന് താരങ്ങളെ രക്ഷപ്പെടുത്താന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ ശിക്ഷാ നിയമത്തിലെ വകപ്പ് 353 പ്രകാരം കേസെടുത്തതായി ഉജ്ജയ്ന്‍ സിഎസ്പി ഓം പ്രകാശ് മിശ്ര പറഞ്ഞു.
2011ല്‍ തന്റെ സിനിമ റോക്സ്റ്ററിന്റെ പ്രമോഷണല്‍ പരിപാടിക്കിടെയാണ് താന്‍ ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് രണ്‍ബീര്‍ ആദ്യമായി പറഞ്ഞിരുന്നത്. ഇഷ്ടഭക്ഷണം ഏതെന്ന ചോദ്യത്തിന് റെഡ്മീറ്റ് ഭക്ഷണങ്ങള്‍ ഏറെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു.
‘എന്റെ കുടുംബം പെഷവാറില്നിന്നുള്ളതാണ്. അതു കൊണ്ടുതന്നെ ഒരുപാട് പെഷവാരി വിഭവങ്ങള്‍ അവരുടെ കൂടെയെത്തും. ഞാന്‍ മട്ടന്‍, പായ, ബീഫ് ആരാധകനാണ്. അതേ, ഞാനൊരു വലിയ ബീഫ് ആരാധകനാണ്’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
പഴയ വീഡിയോ വൈറലായതോടെ ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തു വരികയായിരുന്നു.


