മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയ മോഹവും പ്ലായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്.
”ഞാനൊരു ആഗ്രഹ നടനാണ്. അഭിനയമെന്ന കലയോട് എനിക്ക് ആവേശമാണ്, അഭിനിവേശമാണ്”. ഇത് മലയാള സിനിമയിലേയ്ക്ക് ചുവടെടുത്തുവയ്ക്കുന്ന ഒരു പുതുമുഖ നടന്റെ വാക്കുകളല്ല. മറിച്ച് ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും എന്തിനേറെ പറയണം, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ വാക്കുകളാണ്. നായകനും പ്രതിനായകനും സഹനടനുമായി വിവിധ ഭാഷകളില്‍ നാനൂറില്‍ അധികം സിനിമകളാണ് അദ്ദേഹം അഭിനയിച്ച് തീര്‍ത്തത്. വൈക്കംകാരുടെ മുഹമ്മദ് കുട്ടി, മാഹാരാജാസിന്റെ ഉമര്‍ ഷെരീഫും സുഹൃത്തുക്കളുടെ മമ്മൂട്ടിയുമായി ഒടുവില്‍ മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. തന്റെ തേച്ചു മിനുക്കിയെടുത്ത ആവേശം അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് പകരക്കാരനില്ലത്ത നടന് എന്ന പദത്തിലേക്കാണ്.
കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കും. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചത്. ആ പരിശ്രമങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ വളര്‍ത്തിയത്. ഏതു പരീക്ഷണത്തിനും തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി ഇന്നും കാത്തിരിപ്പാണ്.


