ജന്മദിനത്തില് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യേഷ്ഠ തുല്യമായ കരുതല്‍ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണല്‍ ജീവിതത്തിലേയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്ക്കുന്ന സാന്നിധ്യമാണ് തന്റെ ജീവിതത്തില്‍ മമ്മൂട്ടിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍:
പ്രിയപ്പെട്ട ഇച്ചാക്ക, ജന്മദിനാശംസകള്. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം എന്റെ യും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യോഷ്ഠ തുല്യമായ കരുതല്‍ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണല്‍ ജീവിതത്തിലേയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്ക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാള് ഞാനും എന്റെ കുടുംബവും ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതം. അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്ക്കൊപ്പം എന്റേയും പേര് വായ്ക്ക്പ്പെടുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. നാല് പതിറ്റാണ്ടിലായി ഞങ്ങള്‍ ഒന്നിച്ചത് 53 സിനിമകളിലാണ്. ഒന്നിച്ച് നിര്‍മിച്ചത് അഞ്ച് സിനിമകള്‍. ഇതൊക്കെ വിസ്മയം എന്നേ പറയാനാകൂ.
ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം എന്നാണ് ഞാന്‍ കരുതുന്നത്. ഇച്ചാക്കയില്‍ നിന്ന് ഇനിയു മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും കൂടുതല്‍ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളില്‍ ഇനിയുമേറെ ഇടം കിട്ടട്ടേയെന്നും, ഇനിയും ഞങ്ങള്‍ക്കൊന്നിക്കാനാകുന്ന മികച്ച സിനിമകള്‍ ഉണ്ടാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. ആയുരൂരോഗ്യ സൗഖ്യങ്ങള്‍ നല്കി എന്റെ ഈ ജ്യേഷ്ഠ സഹോദരനെ ജഗതീശ്വരന് അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാള്‍ ഉമ്മ.
ജിജോ പുന്നൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മലയാളത്തിലെ ആദ്യ 70എംഎം ചിത്രമായ പടയോട്ടത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അതിരാത്രം, സന്ധ്യക്കു വിരിഞ്ഞ പൂവ്, അടിമകള്‍ ഉടമകള്‍, അടിയൊഴുക്കുകള്‍ തുടങ്ങി എടുത്തുപറയേണ്ട എത്രയോ ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാലും, ലാല്‍ ചിത്രത്തില്‍ മമ്മൂട്ടിയും അതിഥിയായി എത്തി.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നമ്പര്‍ 20 മദ്രാസ് മെയില്‍, മനു അങ്കിള്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ ആ വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളാണ്. ഇരുവരും ഒരുമിച്ച് ഒറ്റ ഫ്രെയിമിലെത്തുമ്പോള്‍ അഭിനയത്തിന്റെ രണ്ട് വേറിട്ട തലങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയുക. ഹരികൃഷ്ണന്‍സും ട്വന്റി ട്വന്റിയുമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മുഴുനീള സിനിമകള്‍. ഇനിയൊരു മമ്മൂട്ടി- മോഹന്‍ലാല്‍ കൂട്ടുകെട്ടിന് കാത്തിരിക്കുകയാണ് ആരാധകര്‍.