നടന് ജോജു ജോര്‍ജിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് ഷെരീഫ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ടുപേരാണ് അറസ്റ്റിലായത്.
അതിനിടെ, എറണാകുളം ഡിസിസിയും നടന് ജോജു ജോര്‍ജും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിഞ്ഞിരുന്നു. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്ന ജോജുവിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നിരസിച്ചിരുന്നു.
ഇതോടെയാണ് ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. ജോജു കള്ളക്കേസ് നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നേതൃത്വം. ഒത്തുതീര്‍പ്പിനെത്തിയ ജോജു കേസില്‍ എതിര് കക്ഷി ചേര്‍ന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് മഹിള കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
ദേശീയപാത ഉപരോധിച്ച കേസില്‍ നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിന് തയ്യാറാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ 8 പ്രതികളില്‍ 2 പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ധന വില വര്‍ധനയില്‍ ദേശീയ പാത ഉപരോധ സമരത്തെ തുടര്‍ന്ന് നടന് ജോജു ജോര്‍ജും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ വിവാദ പ്രസ്താവനകളില്‍ ആണ് തര്‍ക്കം.


