മഹാഭാരതത്തിലെ ശകുന്തള- ദുഷ്യന്തന് പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം ഫെബ്രുവരി 17ന് തിയറ്ററുകളിലേക്ക്. ചിത്രത്തില്‍ നടി സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.
കാതുവാക്കുലെ രണ്ടു കാതല്‍, യശോദ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സംവിധായകന് ഗുണശേഖറും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ശാകുന്തളം. ഫെബ്രുവരി 17 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു. ഒന്നിലധികം ഭാഷകളില്‍ 2D, 3D ആയിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്‍ഷം നവംബറില്‍ റിലീസ് ആകേണ്ടിരുന്ന ചിത്രം 3ഡിയില്‍ എത്തിക്കാനായി റിലീസ് മാറ്റിയിരുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അദിതി ബാലന് അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന് ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും.


