ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തും. ‘മരക്കാര്‍’ ടീമിനെപോലെ തന്നെ ആരാധകരും ആവേശത്തിലാണ്.
ചിത്രം കേരളത്തില്‍ 625 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ക്രീനുകളുടെ എണ്ണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ബുധനാഴ്ച്ച ഉണ്ടാകും. അതേസമയം നിലവിലെ ചര്‍ച്ചകള്‍ അനുസരിച്ച് 625 സ്ക്രീനുകള്‍ മരയ്ക്കാറിന് ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.
100കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാളചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏറ്റവും വലിയ ബജറ്റില്‍ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി നേടിയ ഈ ചിത്രം മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടി കഴിഞ്ഞു.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രാജ്യത്തിനു പുറത്ത് ഇതുവരെ 1500 സ്ക്രീനുകളിലാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. ഇത് ഇനിയും ഉയരും.
പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരക്കാറില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.
മരക്കാറില്‍ ഒട്ടേറെ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സുനില്‍ ഷെട്ടി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, ഷിയാസ് കരീം,രഞ്ജിപണിക്കര്‍, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്.


