കാലാവധി കഴിഞ്ഞ് നാല്പത്തിയൊന്ന് മാസം പിന്നിട്ട ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 25% വരുന്ന ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കേഡര്‍ സംയോജനം പൂര്‍ത്തീകരിക്കുക, പ്രമോഷനുകള്‍ അനുവദിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തി. സംസ്ഥാനത്ത് കേരള ബാങ്കിന്റെ ഒട്ടുമിക്ക ശാഖകളും പ്രവര്‍ത്തിച്ചില്ല. ആള് കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെയും എംപ്ലോയീസ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടന്നത്.
തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിനു മുന്നില്‍ പണിമുടക്കിയ ജീവനക്കാര്‍ നടത്തിയ പ്രതിഷേധ ധര്‍ണ ആള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി കെ എസ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ജയമോഹനന്, എംപ്ലോയീസ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ചന്ദ്രശേഖരന് നായര്‍, എംപ്ലോയീസ് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി കെഎസ് ശ്യാംകുമാര്‍, എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി ഡി അനില്‍കുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എസ് എം സുരേഷ് അധ്യക്ഷത വഹിച്ചു.


