ന്യൂഡല്‍ഹി: സര്‍ക്കാര്‍ ശ്രമങ്ങളെയെല്ലാം അപ്രസക്തമാക്കി ബാങ്ക് തട്ടിപ്പുകള്‍ പെരുകുന്നു. ബാങ്ക് തട്ടിപ്പ് തടയാന്‍ കേന്ദ്രം ഊര്‍ജിതശ്രമങ്ങള്‍ നടത്തുന്നതായി അവകാശവാദം ഉന്നയിക്കുമ്ബോള്‍ തന്നെയാണ് ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം പെരുകുന്നത്.
ബാങ്ക് തട്ടിപ്പ് കേസുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. തട്ടിപ്പുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇല്ലെങ്കിലും തട്ടിച്ചെടുക്കുന്ന തുക 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73.8 ശതമാനം വര്‍ധിച്ചു. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2017-18 സാമ്ബത്തിക വര്‍ഷത്തില്‍ 41,167.04 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് നടന്നത്. എന്നാല്‍, 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 71,542.93 കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാന ബാങ്കുകളില്‍ ഇക്കൊല്ലം 3,766 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 64,509.43 കോടി രൂപയുടെ തട്ടിപ്പും കണ്ടെത്തി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 2,885 കേസുകളും 38,260.8 കോടി രൂപയുമാണ് ഇതിന്റെ സ്ഥാനത്തുണ്ടായിരുന്നത്.
റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍ തട്ടിപ്പുകള്‍ കണ്ടെത്താന്‍ ബാങ്കുകള്‍ ശരാശരി 22 മാസം എടുത്തു എന്നതാണ്. നീരവ് മോദിയുടെ തട്ടിപ്പിനു ശേഷം സര്‍ക്കാരും ആര്‍ബിഐയും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും തട്ടിപ്പ് കണ്ടെത്താന്‍ കാലതാമസം എടുക്കുന്നത് ഞെട്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.