സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയില്‍ ലീറ്ററിന് 100 രൂപ 4 പൈസയായി. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയും കൂട്ടിയതോടെയാണ് പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 27 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും, പെട്രോളിന് 97രൂപ 72 പൈസയുമായി.
രാജാകുമാരി, തടിയമ്പാട്, ആനച്ചാല്‍ എന്നിവടങ്ങളിലും പെട്രോള്‍ വില 100 കടന്നു. തൊടുപുഴയില്‍ 98.25 രൂപയും, കട്ടപ്പനയില്‍ 98.99 രൂപയുമാണ് പെട്രോളിന്റെ വില.
ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 13 തവണയാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോള്‍ വില നൂറ് കടന്നു. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില വര്‍ധിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പെട്രോള്‍ വില നൂറ് കടന്നിരുന്നു.


