രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസല്‍ വില 87 രൂപ 6 പൈസയായി.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 86 രൂപ 11 പൈസയായി. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാകും പണിമുടക്ക്.


