തൊഴില്‍ തേടുന്നവരാണോ നിങ്ങള്‍. തൊഴിലവസരങ്ങള്‍ തിരയാനുള്ള ഫീച്ചറുമായി ഗൂഗിള്‍ പേ എത്തി. ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഗൂഗിളിന്റെ പേമെന്റ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. സൊമാറ്റോ, ഡന്‍സോ, 24സെവന്, റിതു കുമാര്‍, ഫാബ് ഹോട്ടല്‍സ് ഉള്‍പ്പെടെ 25 ഓളം സ്ഥാപനങ്ങളുമായി ഗൂഗിള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി പോലുള്ള മേഖലകളിലേക്കുള്ള തൊഴിലവസരങ്ങള്‍ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ജോബ്സ് ഫീച്ചര്‍ അവതരിപ്പിച്ചത്.കോര്‍മോ ജോബ്സ് ആപ്പിന്റെ പിന്തുണയോടെയാണ് ഗൂഗിള്‍ പേയില്‍ ജോബ്സ് ഫീച്ചര്‍ എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സമ്മതത്തോടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രൊഫൈല്‍ പരിശോധിച്ച് അവര്‍ക്ക് അനുയോജ്യമായ ജോലികള്‍ നിര്‍ദേശിക്കും.
സൗജന്യമായി സിവി നിര്‍മിക്കാനും, പരിശീലന വീഡിയോകള്‍, കോഴ്സുകള്‍, ആര്‍ട്ടിക്കിളുകള്‍ തുടങ്ങിയവ പരിചയപ്പെടുത്തുകയും ചെയ്യും. ഇതിനായി നാഷണല്‍ സ്കില്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ഗൂഗിള്‍ സഹകരിക്കുന്നുണ്ട്.
ജോലിക്ക് അപേക്ഷിച്ചാല്‍ അഭിമുഖം എളുപ്പമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കും. ഗൂഗിള്‍ പേ ആപ്പില്‍ തൊഴിലന്വേഷകര്‍ ഒരു പ്രൊഫഷണല്‍ പ്രൊഫൈല്‍ തയ്യാറാക്കണം. ഈ വിവരങ്ങള്‍ ആരെല്ലാം കാണുന്നുണ്ടെന്നും ആര്‍ക്കെല്ലാം അവ കൈമാറിയെന്നുമെല്ലാം തൊഴിലന്വേഷകര്‍ക്ക് അറിയാന്‍ സാധിക്കും.