മുംബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന ഏകദിന വ്യാപാരം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അധികവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിന് അധികാര തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്ന് വന്‍ മുന്നേറ്റമുണ്ടായി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.72 എന്ന നിലയിലാണ്. വെളളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 70.23 എന്ന താഴ്ന്ന നിരക്കിലായിരുന്നു. സെന്‍സെക്സ് 1,421 പോയിന്റാണ് ഉയര്‍ന്നത്. ഇതോടെ സൂചിക 39,352 ലേക്ക് കുതിച്ചുകയറി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും വന്‍ മുന്നേറ്റം പ്രകടമായിരുന്നു. നിഫ്റ്റി 3.7 ശതമാനം ഉയര്‍ന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 11,828 ലെത്തി.


