ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്നും അറിയിക്കണം. മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബാങ്കേഴ്സ് അസോസിയേഷനെന്ന് കേന്ദ്രസര്‍ക്കാര്‍. അതല്ല, മൊറട്ടോറിയത്തിലും പിഴപ്പലിശയിലും അന്തിമതീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് ബാങ്കേഴ്സ് അസോസിയേഷനും സുപ്രീംകോടതിയില്‍ വാദിച്ചു.
അന്തിമതീരുമാനം ആരുടേതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് പറഞ്ഞേ തീരൂവെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. കേസ് സെപ്റ്റംബര്‍ 28-ലേക്ക് മാറ്റിയിട്ടുണ്ട്. വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും, രണ്ടാഴ്ചയ്ക്കകം മൊറട്ടോറിയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു.
നേരത്തേയും കൊവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടെയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. എല്ലാ കാര്യങ്ങളും ബാങ്കുകളെ ഏല്‍പിക്കാനാകില്ലെന്നും കേന്ദ്രവും റിസര്‍വ് ബാങ്കും ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.


