കൊച്ചിയിലെ യുവ സംരംഭകയായ മിനു പൗളിന്റെ കലൂരില്‍ ഉള്ള പപ്പടവട എന്ന റെസ്റ്റോറന്റ് തിങ്കളാഴ്ച വൈകിട്ട് ഒരു സംഘം അക്രമികള്‍ കയ്യേറി തല്ലിത്തകര്‍ത്തു. റെസ്റ്റോറന്റിനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിനായി നന്മമരം എന്നപേരില്‍ സ്ഥാപിച്ചിരുന്ന റെഫ്രിഡ്ജറേറ്ററും അക്രമികള്‍ തകര്‍ത്തു.
സംഭവം നടക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഉടമയും മറ്റ് ജീവനക്കാരും അവിടെത്തന്നെ ഉണ്ടായിരുന്നു.ആദ്യം കട തല്ലിപ്പൊളിച്ച സംഘം പിന്‍വാങ്ങുകയും അറ മണിക്കൂറിനു ശേഷം വീണ്ടും പപ്പടവടയില്‍ എത്തി കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.അപ്രതീക്ഷിതമായി ഉണ്ടായ ഗുണ്ടാ ആക്രമണത്തില്‍ നന്മമരം പൂര്‍ണമായും തകര്‍ന്നു. ഇത് രണ്ടാം വട്ടമാണ് പപ്പടവടയില്‍ ഗുണ്ടാ അക്രമണം നടക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 ആം തീയതിയും മിനു പൗളിന്റെ സ്ഥാപനത്തില്‍ ആക്രമണം നടന്നിരുന്നു. ഈയടുത്താണ് പപ്പടവടയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചത്.
പൊലിസ് എത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം;
ദുരൂഹതയുണ്ടെന്നു മിനു
എന്നാല്‍ ആക്രമണം നടന്നപ്പോള്‍ പോലീസിനെ വിളിച്ചു അരമണിക്കൂര്‍ കഴിഞ്ഞിട്ടും അവര്‍ വന്നില്ല എന്നും ഇപ്പോള്‍ ആക്രമണം നടത്തിയ പ്രതിക്കെതിരെ മുന്‍പ് താന്‍ കേസ് കൊടുത്തിരുന്നു എന്നും അതെ പ്രതി തന്നെയാണ് ഇപ്പോള്‍ ആക്രമണം നടത്തിയത് എന്നും മീനും പൗളിന് പറഞ്ഞു. എസ് ഐ യെ നേരിട്ട് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞിട്ടും ഒരു കിലോമീറ്റെര്‍ അടുത്തുള്ള സ്റ്റേഷനില്‍ നിന്നും അര മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് എത്താത്തതില്‍ ദുരൂഹതയുണ്ടെന്നു മിനു കൂട്ടിച്ചേര്‍ത്തു.
ബാങ്കിലെ ജോലി രാജി വച്ച ശേഷം സംരംഭകത്വത്തിലേക്ക് ഇറങ്ങുകയും പപ്പടവട എന്ന ന്യൂ ജെന്‍ റെസ്റ്റോറന്റ് ആരംഭിക്കുകയും ചെയ്ത മിനു പൗളിന് സംരംഭകരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. സാമൂഹിക പ്രശ്നങ്ങളിലും മറ്റും സജീവമായി ഇടപെടുന്ന മിനു തന്റെ റെസ്റ്റോറന്റിനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിനായി നന്മമരം എന്നപേരില്‍ ഒരു റെഫ്രിഡ്ജറേറ്റര്‍ സ്ഥാപിച്ചിരുന്നു. ഇത് പൂര്‍ണ്ണമായി അക്രമണത്തില്‍ തകര്‍ന്നു.




