മുംബൈ: രാജ്യത്തെ ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും താഴേക്ക് കൂപ്പുകുത്തി. രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയതായി വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് സൂചികകള്‍ കുത്തനെ ഇടിഞ്ഞത്. ജൂലൈ എട്ടിനു ശേഷം ആദ്യമായാണ് സെന്‍സെക്സും നിഫ്റ്റിയും ഒറ്റദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 770 പോയിന്റ് ഇടിഞ്ഞ് 36,563 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 225 പോയിന്റ് ഇടിഞ്ഞ് 10,798 ലുമെത്തി.
ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കുറഞ്ഞതും ഉപഭോഗത്തിലെ മാന്ദ്യവുമാണ് വിപണിയെ ഉലച്ചത്. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമാണെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഡിപിയുടെ വിവരങ്ങള്‍ രാജ്യത്തെ സാമ്ബത്തിക മാന്ദ്യം തുറന്നുകാട്ടുന്നതായി. രാജ്യത്തെ സാമ്ബത്തിക തളര്‍ച്ചയും യുഎസ്-ചൈന വ്യാപാരബന്ധം വഷളായതും വിപണിയെ ബാധിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


