ന്യൂഡല്‍ഹി: അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം മലയാളി മാധ്യമ പ്രവര്‍ത്തകയായ കെ.കെ. ഷാഹിനയ്ക്ക്. ഫെര്‍ഡിനാന്റ് അയീറ്റേ (ടോഗോ), നിക ഗ്വറാമിയ (ജോര്‍ജിയ), മരിയ തെരേസ മൊണ്ടാനോ (മെക്സിക്കോ) എന്നിവര്‍ക്കൊപ്പമാണ് ഷാഹിനയേയും പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന.
ധീരതയോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജേര്‍ണലിസ്റ്റുകളെ ആദരിക്കുന്നതിനായി 1996 മുതല്‍ സിപിജെ (കമ്മിറ്റി ഫോര്‍ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്) നല്കി വരുന്ന പുരസ്കാരമാണിത്. ഇന്ത്യയില്‍നിന്ന് ഇതുവരെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കശ്മീര്‍ ജേണലിസ്റ്റായ യൂസഫ് ജമീല്‍ (1996), ഛത്തീസ്ഗഢില്‍നിന്നുള്ള മാലിനി സുബ്രഹ്മണ്യന് (2016), ഡല്‍ഹിയില്‍നിന്നുള്ള നേഹ ദീക്ഷിത് (2019) എന്നിവരാണ് മുമ്പ് പുരസ്കാരം നേടിയ ഇന്ത്യക്കാര്‍.
നിലവില്‍ ഔട്ട് ലുക്ക് മാഗസിന് സീനിയര്‍ എഡിറ്ററാണ് കെകെ ഷാഹിന. ഏഷ്യാനെറ്റ് ന്യൂസ്, ജനയുഗം, തെഹല്‍ക്ക, ദ ഓപ്പണ്‍, ദ ഫെഡറല്‍ തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്തിരുന്നു.
മഅദനിക്കെതിരായ കേസില്‍ കര്‍ണാടക പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ സാക്ഷികള്‍ വ്യാജസാക്ഷികളാണെന്ന് വെളിപ്പെടുത്തി തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് നേരത്തെ ഷാഹിനക്കെതിരേ യുഎപിഎ ചുമത്തി എടുത്ത കേസ് ഇപ്പോഴും തുടരുകയാണ്.


