ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. എട്ടിന കര്‍മ്മ പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സാമ്പത്തിക-ആരോഗ്യ മേഖലകളിലേക്കുള്ള പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതികളില്‍ നാലെണ്ണം പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ലക്ഷ്യമിട്ടാണെന്നും നിര്‍മല സീതാരാമന് പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് 50,000 കോടിയും മറ്റ് മേഖലകള്‍ക്ക് 60,000 കോടിയും നല്‍കും.
ആരോഗ്യ മേഖലയിലെ വായ്പയ്ക്ക് 7.95 ശതമാനവും, മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്. നവ പദ്ധതികള്‍ക്ക് 75 ശതമാനം വരെ വായ്പ നല്‍കും. കൂടാതെ 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് വഴി വായ്പ കൊടുക്കും. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കും. വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കും. 2022 മാര്‍ച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമേ ലഭിക്കൂ. ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കും. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും.


