ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിന്റെ പത്നിയും യു എ ഇഫുഡ് ബേങ്ക് അധ്യക്ഷയുമായ ശൈഖ ഹിന്ദ് ബിന്ത്മക്തൂം ബിൻ ജുമ അൽമക്തൂമിന്റെ റമസാൻ ജീവകാരുണ്യ പദ്ധതിയായ “ഒരു കോടി ഭക്ഷണ”ത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി പത്തു ലക്ഷം ദിർഹം സംഭാവന ചെയ്തു . 125,000 ഭക്ഷണപ്പൊതികൾ നൽകുന്നതിനുള ഏറ്റവും അനിവാര്യമായ സന്ദർഭത്തിലാണ് അർഹരായ ആളുകൾക്ക് ഒരു കോടി ഭക്ഷണം എന്ന് എം എ യൂസുഫലി ചൂണ്ടിക്കാട്ടി . റമസാനിലാണ് ഈ മഹത്തായ പദ്ധതിയെന്നത് ഉത്കൃഷ്ടത വർധിപ്പിക്കുന്നു .എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുന്നരാജ്യമാണിത് .മാനവികത ഉയർത്തിപ്പിടിക്കുന്ന ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിന്റെ നിർദേശപ്രകാരം ആരംഭിച്ച പദ്ധതിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ അതീവ ചാരിതാർഥ്യമുണ്ട് . വിശിഷ്ട മാനുഷിക സംരംഭങ്ങളിലൊന്നാണീ പദ്ധതി .ദരിദ്ര കുടുംബങ്ങൾക്കും പകർച്ചവ്യാധി ബാധിച്ച വ്യക്തികൾക്കും ഭക്ഷണം നൽകുകയാണ് ലക്ഷ്യം.ഇതൊരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കി പരമാവധിയാളുകൾ സംഭാവന നൽകണം . അതിലൂടെ ഈ ഉന്നത രാജ്യത്തിന് ഈ ഉത്തമ ലക്ഷ്യംകൈവരിക്കാൻ കഴിയും-യൂസുഫലി ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കയ്യയച്ചാണ് വിവിധ സംഘടനൾക്കും സർക്കാർ നേതൃത്വത്തിലുള്ളവർക്കും യൂസഫലി സഹായം നൽകുന്നത്. പ്രധാന മന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി 25 കോടി രൂപ നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടിരൂപയും കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപയും നൽകി. കോവിഡ് ദുരിതാശ്വാസ ബാധിതർക്കായി പ്രവർത്തിക്കുന്ന യു.എ.ഇ.യിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും യൂസഫലി ധനസഹായം നൽകിയിരുന്നു. കേരള സോഷ്യൽ സെൻ്റർ അബുദാബി, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ, അബുദാബി മലയാളി സമാജം, കെ.എം.സി.സി ദുബായി, കെ.എം.സി.സി. ഷാർജ, ഇന്ത്യൻ അസോസിയേഷൻ റാസ്അൽ ഖൈമ, ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ, ഇൻ കാസ് ദുബായ്, ഇൻ കാസ് ഖത്തർ, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ യു.എ.ഇ., നോർക്ക ഹെല്പ് ഡെസ്ക് ദമ്മാം സൗദി അറേബ്യ മുതലായവർക്കായിരുന്നു യുസഫലിയുടെ സഹായഹസ്തം ലഭിച്ചത്.
ബഹറൈനിലെയും സൗദി അറേബ്യയിലെയും (രണ്ട് കോടി രൂപ വീതം) സർക്കാർ ആഭിമുഖ്യത്തിലൂള്ള ആശ്വാസ പ്രവർത്തനങ്ങൾക്കും യൂസഫലി സഹായം നൽകിയിരുന്നു