ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഭിന്നശേഷി സൗഹൃദ മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. കായിക മേഖലയിൽ ഭിന്നശേഷിക്കാർ ഉയർന്നു വരുന്നുണ്ട്. കേരളത്തിൽ നിന്നും ഭിന്നശേഷി കായിക താരങ്ങളെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ വച്ച് നൂറുദിന കർമ്മപദ്ധതിയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2.84 കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് നാടിന് സമർപ്പിച്ചത്.
വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോർ റീഹാബിലിറ്റേഷൻ യൂണിറ്റ്, അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇൻസ്ട്രുമെൻ്റഡ് ഗേറ്റ് ആൻഡ് മോഷൻ അനാലിസിസ് ലാബ്, വീൽ ട്രാൻസ് പ്രൊജക്റ്റ്, പോട്ടറി ആൻഡ് സിറാമിക് യൂണിറ്റ്, ഭിന്നശേഷി സൗഹൃദ ആംബുലൻസ് എന്നിവയാണ് നിപ്മറിലെ ഉദ്ഘാടനം ചെയ്ത വികസന പദ്ധതികൾ.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടർ എസ്. ജലജ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് , മുൻ എംഎൽഎ കെ.യു. അരുണൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ നൈസൺ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ജോജോ, തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ പി.എച്ച്. അസ്ഗർ ഷാ, ആളൂർ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക് എന്നിവർ ആശംസകളർപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് സ്വാഗതവും നിപ്മർ ജോയ്ൻ്റ് ഡയരക്റ്റർ സി.ചന്ദ്രബാബു കൃതജ്ഞത അറിയിച്ചു.


