ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന് സ്വീകരിച്ചു കഴിഞ്ഞു എന്നും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായതിനും ശേഷമേ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം. അദ്ധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ലെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാമാരിക്ക് നമ്മെ മുറിവേല്പിക്കാന് കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്കൂളുകള്‍ തുറക്കാനാവില്ലെന്നും പോള്‍ പറഞ്ഞു.
പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികളിലും കൊവിഡിന് എതിരായ ആൻ്ററിബോഡികള് രൂപപ്പെട്ടുവെന്നും അതിനാല്‍ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കില്‍ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിൻ്റെയും ലോകാരോഗ്യസംഘടനയുടെയും സര്‍വേയുടെ പശ്ചാത്തലത്തിലാണ് പോളിൻ്റെ ഈ പരാമര്‍ശം. വൈറസ് രൂപം മാറുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്. നാളെ ഗുരുതരമായാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.


