തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാര്‍ഡ് ഹരീഷ് ആര് നമ്പൂതിരിപ്പാടിന് .2022 ഏപ്രില്‍ 23 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രാമമംഗലം ഹൈസ്കൂള്‍ അധ്യാപകനായ ഹരീഷ് ആര് നമ്പൂതിരിപ്പാടിന് മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന് പുരസ്കാരം നല്‍കും .അധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ആര് നമ്പൂതിരിപ്പാട് ബാലസാഹിത്യ, പുരാണ വൈജ്ഞാനിക മേഖലകളില്‍ 46 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രണ്ട് വര്‍ഷക്കാലമായി ഗുണപാഠകഥകള്‍ രചിച്ച് ശബ്ദം നല്കി വാട്സാപ്പ് വഴി കുട്ടികളില്‍ എത്തിക്കുന്നു.
മദ്യവര്‍ജ്ജനം, ലഹരിവിരുദ്ധ പ്രവര്‍ത്തനം എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സംഘടനയായ സംസ്ഥാന മദ്യവര്‍ജ്ജന സമിതി അധ്യാപകര്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കാറുണ്ട്. കൂത്താട്ടുകുളം കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ രാമന് നമ്പൂതിരിപ്പാടിന്റെയും നളിനി അന്തര്‍ജ്ജനത്തിന്റെയും മകനാണ് ഹരീഷ് ആര് നമ്പൂതിരിപ്പാട്


