ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കാന്‍ സമയം കിട്ടിയതായി നടി ലിയോണ ലിഷോയ്. പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ ഈ ലോക് ഡൗണ്‍ കാലം സഹായിച്ചു. പിന്നെ ഒത്തിരി സിനിമകള്‍ കാണുന്നുണ്ട്. മറ്റൊന്നും ചെയ്ത് തീര്‍ക്കാന്‍ ഇല്ലാത്തത് കൊണ്ട് വളരെ റിലാക്സഡ് ആണ്. വെറുതേ മടി പിടിച്ചിരിക്കാന്‍ ഒത്തിരിയിഷ്ടമുള്ള ആളാണ് ഞാന്‍. എല്ലാത്തിനെയും പോസിറ്റീവായിട്ട് കാണാനാണ് ഇഷ്ടം. നമ്മള് ഈ കാലവും അതിജീവിക്കുക തന്നെ ചെയ്യുമെന്നും ലിയോണ പറയുന്നു.
ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങള്‍ കുറച്ച് ബുദ്ധിമുട്ട് തോന്നി. എന്നാലും നമുക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും ഈ നിയന്ത്രണങ്ങള്‍ നല്ലതാണ്. വയനാട്ടിലെ ഷൂട്ട് പൂര്‍ത്തിയാക്കി വീട്ടിലെത്തിയപ്പോഴാണ് ലോക് ഡൗണ്‍ വാര്‍ത്ത വരുന്നത്. അത് കൊണ്ട് കൃത്യമായി വീട്ടില്‍ തന്നെ നില്ക്കാന് പറ്റി. സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കകളുണ്ട്. സിനിമാ ഇന്‍ഡസ്ട്രി ഇനി എപ്പോഴാണ് പഴയത് പോലെ ആകുക എന്നറിയില്ല. എല്ലാ മേഖലയും തിരിച്ച് വന്നതിന് ശേഷം മാത്രമാകും സിനിമ മടങ്ങിയെത്തുക. എത്രയും പെട്ടെന്ന് എല്ലാം പഴയത് പോലെ ആകട്ടെ എന്ന പ്രാര്‍ഥനയിലാണ്.
ദിവസക്കൂലിക്കാര്‍ ഒരുപാടുള്ള തൊഴില്‍ മേഖലയാണ്. ലോക് ഡൗണ്‍ കഴിഞ്ഞാല്‍ ഒന്ന് പുറത്തിറങ്ങി നാട് മുഴുവന്‍ കാണണെമെന്നുണ്ട്. കുറേ ദിവസമായി വീട്ടില്‍ തന്നെ ഇരിക്കുന്നതല്ലേ. ആദ്യം എന്തായിരുക്കും ചെയ്യുന്നതെന്ന് പറയാന്‍ ഇപ്പോള്‍ പറ്റണില്ല. ചിലപ്പോള്‍ ഏതേലും റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചേക്കും. തിയേറ്ററൊക്കെ തുറന്നാല്‍ ചിലപ്പോള്‍ സിനിമയ്ക്ക് പോകും. അല്ലേല്‍ ഷോപ്പിംഗ്, വെറുതെ കാറെടുത്ത് ഡ്രൈവ് ചെയ്യാനും ഇഷ്ടമാണ്. അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നുണ്ട്. റാം ആണ് ഇനി ചെയ്യാനുള്ളത്. വരയന്‍ പൂര്‍ത്തിയാക്കി. പിന്നെ ഉള്ളത് ജിന്ന് ആണ്. മൂന്ന് ചിത്രത്തിലും പ്രതീക്ഷയുള്ള വേഷമാണെന്നും ലിയോണ പറയന്നു.
പാചകത്തോട് വലിയ ക്രേസ് ഇല്ലെങ്കിലും ഇപ്പോള്‍ പരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്. അതുപോലെ നന്നായി ഭക്ഷണം കഴിക്കുന്നുമുണ്ട്. വര്‍ക്കൗട്ടിന് ഇപ്പോള്‍ നല്ല സമയം ചെലവഴിക്കുന്നതും അതു കൊണ്ടാണ്.