ലോകം കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ അടച്ചിടുമ്പോള്‍ വൈറസിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്ക്കിടെയിലൂടെയാണ് നഴ്സസ് ദിനം കടന്നുപോകുന്നത്. ഈ ദിനത്തിലും സ്വന്തം ആരോഗ്യം മറന്ന് കോവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് നഴ്സുമാര്‍. മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ പോരാളികളാണ് ഇന്ന് ഇവര്‍.
അതിജീവനത്തിനായി ലോകം കഷ്ടപ്പെടുമ്പോള്‍ സ്വന്തം ബുദ്ധിമുട്ടുകളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോരാളികള്‍. കോവിഡിനെതിരായ യുദ്ധം മാസങ്ങള്ക്കടന്ന് മുന്നോട്ട് പോകുമ്പോഴും പതറാതെ നിര്‍ഭയം പിടിച്ചു നില്ക്കുന്നവര്. സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തില്‍ നിന്ന് രോഗികളെ കൈപിടിച്ചുയര്‍ത്തുന്നവര്‍ കൂടിയാണ് നമ്മുടെ മാലാഖമാര്‍.
ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറന്‍സ് നൈറ്റിന്ഗേളിന്റെ ജന്മദിനമായ മെയ് 12 ആണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. നേഴ്സുമാര്‍ സമൂഹത്തിന് നല്കുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിപ്പിക്കുക എന്നതാണ് ലക്ഷ്യം.