തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കീമോതെറാപ്പി മരുന്നു കിട്ടാതെ വലഞ്ഞ നാലു വയസുകാരിയ്ക്ക് 150 കിലോമീറ്റര്‍ താണ്ടി മരുന്നെത്തിച്ച സര്‍ജന്റ് വിഷ്ണുവിന് സഹപ്രവര്‍ത്തകരുടെ വക ബിഗ് സല്യൂട്ട്. കഴിഞ്ഞ മാര്‍ച്ച് 30നാണ് സംഭവം നടന്നതെങ്കിലും ആലപ്പുഴ സ്വദേശിയായ കെ പി വിഷ്ണുവെന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജന്റ് ആ പുണ്യ പ്രവര്‍ത്തി ആരോടും പറഞ്ഞിരുന്നില്ല. ലോക്ക്ഡൗണ്‍ മൂലം സമീപവാസിയായ നാലു വയസുകാരിക്ക് കീമോതെറാപ്പിയ്ക്കുള്ള മരുന്നു വാങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കള്‍. സുഹൃത്തായ പൊലീസുകാരന് ആന്റണി രതീഷാണ് വിഷ്ണുവിനെ ഈ വിവരമറിയിക്കുന്നത്. ഒരാഴ്ച തുടര്‍ച്ചയായി ഡ്യൂട്ടിയെടുത്ത് വീട്ടില്‍ പോകുന്നതാണ് വിഷ്ണുവിന്റെ പതിവ്. അങ്ങനെ വീട്ടില്‍ നിന്നും വിഷ്ണു ഡ്യൂട്ടിക്കായി മെഡിക്കല്‍ കോളേജിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും കുഞ്ഞിന്റെ കാര്യമല്ലേ ഒരാഴ്ച കാത്തിരിക്കാനാവില്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞയുടന്‍ അര് സി സിയില്‍ നിന്നും മരുന്നു വാങ്ങി രാവിലെ തന്നെ 150 കിലോമീറ്റര്‍ ബൈക്കോടിച്ച് വിഷ്ണു കുഞ്ഞിന് മരുന്നെത്തിക്കുകയായിരുന്നു. മരുന്നു ലഭിച്ചപ്പോള്‍ രോഗം തളര്‍ത്തിയ കുഞ്ഞു മുഖത്ത് വിടര്‍ന്ന പുഞ്ചിരിയാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന് വിഷ്ണു പറയുന്നു. കുഞ്ഞിന്റെ അമ്മ വച്ചുനീട്ടിയ മരുന്നിന്റെ വില തിരികെ നല്കി വിഷ്ണു സംതൃപ്തിയോടെ മടങ്ങുകയായിരുന്നു. വൈകിയാണ് ഈ വിവരം സഹപ്രവര്‍ത്തകര്‍ അറിഞ്ഞത്. വിഷ്ണുവിന്റെ സത്പ്രവര്‍ത്തിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ ഒന്നടങ്കം അഭിമാനം കൊള്ളുകയാണ്.

