ഒരുപാട് പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് ജീവിത വിജയം കൈവരിച്ച ഒരാള്‍. പ്രചോദനമാണ് ഫാത്തിമ അസ്ല എന്ന ഈ പെണ്‍കുട്ടിയുടെ ജീവിതം. എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗമായിരുന്നു ഫാത്തിമ അസ്ലയ്ക്ക്. രോഗത്തെയും രോഗം തന്ന വേദനകളെയും മറികടന്ന ഫാത്തിമ അസ്ല ഇന്ന് ഡോക്ടര്‍ ഫാത്തിമ അസ്ലയാണ്. കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഫാത്തിമ പഠനം പൂര്‍ത്തിയാക്കിയത്.
ജനിച്ചു മൂന്നാം ദിവസം ട്രാക്ഷന്‍ ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞില്‍ നിന്ന് ഡോക്ടര്‍ ഫാത്തിമ അസ്ലയിലേക്കുള്ള ദൂരം ചെറുതല്ല… 24 വര്‍ഷവും വേദനയുടെതും പൊരുതലിന്റെതും ആയിരുന്നു. ഫാത്തിമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡോക്ടര്‍ ഫാത്തിമ അസ്ലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ജനിച്ചു മൂന്നാം ദിവസം ട്രാക്ഷന്‍ ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞില്‍ നിന്ന് ഡോക്ടര്‍ ഫാത്തിമ അസ്ലയിലേക്കുള്ള ദൂരം ചെറുതല്ല… 24 വര്‍ഷവും വേദനയുടെതും പൊരുതലിന്റെതും ആയിരുന്നു. തളര്‍ന്നു വീണിട്ടുണ്ട്, ഒരായുസ്സില്‍ അനുഭവിക്കേണ്ടതില്‍ കൂടുതല്‍ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്… ‘ഒന്നിനും കൊള്ളില്ല ‘ എന്ന് ഒരുപാട് തവണ ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട്.. പക്ഷെ, അപ്പോഴെല്ലാം കൂടുതല്‍ വാശിയോടെ സ്വപ്നങ്ങള്‍ക്ക് പിറകെ പോവാന്‍ ധൈര്യം കാണിച്ചത് എന്നിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.. ആ എന്നോട് തന്നെയാണ് കടപ്പാടും.. മറ്റുള്ളവരുടെ വാക്ക് കേള്‍ക്കാതെ മകളെ വിശ്വസിച്ച, കൂടെ നിന്ന അപ്പയും ഉമ്മച്ചിയും.. അവരുടെ സന്തോഷങ്ങളെല്ലാം ഞാന്‍ കാരണം നഷ്ടപ്പെട്ടിട്ടും പരാതി പറയാതെ സ്നേഹം മാത്രം തിരിച്ചു തന്ന ഇക്കാക്കയും വാപ്പുവും ആയിഷയും, പഠിപ്പിക്കാമെന്ന് വാക്ക് പറഞ്ഞവര്‍ ഒഴിവായപ്പോ പഠിപ്പിക്കാന്‍ മുന്നോട്ട് വന്ന മര്‍ക്കസ്, സ്കൂളില്‍ കോളജില്‍ പഠിപ്പിച്ച അധ്യാപകര്‍, വീല്‍ചെയര്‍ ഫ്രന്‍ലി അല്ലാതിരുന്ന കോളജില്‍ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ കാവലായ സഹപാഠികള്‍, ഇക്കാലമത്രയും ചിരിയിലും കണ്ണീരിലും കൂടെ നിന്ന സൗഹൃദങ്ങള്‍, എന്നെ ഞാനായി ചേര്‍ത്ത് നിര്‍ത്തിയ നിങ്ങള്‍ ഓരോരുത്തരും, എല്ലാത്തിലുമുപരി പരീക്ഷണങ്ങള്‍ക്കിടയിലും സന്തോഷിക്കാനുള്ള കുഞ്ഞ് കാരണങ്ങള്‍ തന്ന പടച്ചോന്.. എല്ലാവരോടും നിറഞ്ഞ സ്നേഹം..
https://www.facebook.com/fathima.asla.1/posts/1797976210362649