ടോക്യോ: പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിൽ കസാക്കിസ്ഥാൻ്റെ ദൗലത് നിയാസ്ബെകോവിനെ 8-0 എന്ന സ്കോറിനു കീഴടക്കി ബജ്റംഗ് പുനിയ വെങ്കലം നേടി. മത്സരത്തിൻ്റെ ഒരു ഘട്ടത്തിലും എതിരാളിയുടെ മേലുള്ള ആധിപത്യം വിട്ടുകൊടുക്കാതെ പൊരുതിയ ബജരംഗ് 8 – 0 എന്ന സ്കോറിനാണ് കസാഖിസ്ഥാന്‍ താരത്തെ തോല്പിച്ചത്.
പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മികച്ച വിജയങ്ങള്‍ നേടിവന്ന ബജ്റംഗിനെ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാൻ്റെ ഹാജി അലിയേവാണ് സെമിയില്‍ തോല്‍പ്പിച്ചത്. 12-5 എന്ന സ്കോറിനായിരുന്നു ബജ്റംഗിൻ്റെ അപ്രതീക്ഷിത തോല്‍വി. എതിരാളി കാലില്‍ പിടുത്തമിടുന്നത് തടുക്കുന്നതിലെ ബജ്റംഗിൻ്റെ സങ്കേതികപ്പിഴവ് കാരണമാണ് സെമിയില്‍ അടിയറവ് പറയേണ്ടി വന്നത്.
ഇതോടെ ഇന്ത്യക്ക് ടോക്യോ ഒളിമ്പിക്സില്‍ ആറ് മെഡലുകളായി. ഒളിമ്പിക്സ് ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണിത്. 2012ല്‍ നടന്ന ലണ്ടന്‍ ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ ഇതിനു മുമ്പത്തെ മികച്ച പ്രകടനം. അന്ന് അഞ്ച് മെഡലുകളാണ് കായികതാരങ്ങള്‍ ഇന്ത്യക്ക് വേണ്ടി സ്വന്തമാക്കിയത്.


