മൂവാറ്റുപുഴ: നഗര സൗന്ദര്യവൽക്കരണത്തിന് മാതൃകാപരമായി മുന്നിട്ടിറങ്ങിയ മൂവാറ്റുപുഴ നഗരസഭയിലെ പതിനാലാം വാർഡിലെ ജനകീയകൂട്ടായ്മയായ ”നമ്മുടെ വാർഡി”നൊപ്പം കൈകോർത്ത് മാത്യു കുഴൽനാടൻ എംഎൽഎയും. മാലിന്യം നഗരത്തിൻ്റെ പ്രശ്നമായി മാറുമ്പോൾ പതിനാലാം വാർഡിനെ മാലിന്യമുക്ത വാർഡാക്കി മാറ്റുന്നതിനൊപ്പം സൗന്ദര്യ വൽക്കരണത്തിനും പ്രാധാന്യം കൊടുക്കുന്ന പതിനാലാം വാർഡ് കൗൺസിലർ ജോയ്സ് മേരി ആന്റണിയുടെ ആശയമാണ് “നമ്മുടെ വാർഡ് “പദ്ധതി.
വാർഡംഗങ്ങളുടെ കൂട്ടായ്മ വാർഡ് വൃത്തിയാക്കുകയും നിയമവിരുദ്ധമായിട്ടുള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കംചെയ്ത് അവിടെ പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയുമാണ് ചെയ്തത്. വാർഡ് ആരംഭിക്കുന്ന നിർമല കോളേജ് ജംഗ്ഷൻ മുതൽ ലതാ പടിവരെ നൂറിലധികം ചെടികളാണ് ഈ ജനകീയ കൂട്ടായ്മ വച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. മാലിന്യനിർമാർജനത്തിന് ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അതിനായി തൻ്റെ ഭാഗത്തുനിന്നും എല്ലാവിധ ശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയർമാൻ പി. പി.എൽദോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാട്ട് എന്നിവരും സ്ഥലം സന്ദർശിക്കുകയും പതിനാലാം വാർഡ് ” നമ്മുടെ വാർഡ്” ജനകീയ കൂട്ടായ്മയ്ക്ക് ആശംസകളും പിന്തുണയും അർപ്പിക്കുകയും ചെയ്തു. ഓരോ പ്രദേശത്തുള്ള ചെടികൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അതാത് പ്രദേശങ്ങളിലെ താമസക്കാർ ഏറ്റെടുക്കുമെന്നും ജോയ്സ് മേരി ആന്റണി പറഞ്ഞു. ഈ ജനകീയ കൂട്ടായ്മക്ക് ചെറിയാൻ മാതേയ്ക്കൽ, വിൽസൺ മാത്യു, സജി ചാത്തങ്കണ്ടം, അഷ്റഫ്, സബൂറ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.