പ്രവാസികളോടും കർഷകരോടും ഐക്യദാർഢ്യം അറിയിച്ച് കെപിസിസിയുടെ ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ നടത്തിയ ‘ഒരു ദിനം പ്രവാസികളോട് ഒപ്പം’ എന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രവാസികൾ അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഓൺലൈനിലൂടെ പങ്കുവെച്ചു. വിസിറ്റ് വിസയിൽ വിദേശത്ത് പോയിട്ട് മടങ്ങി വരാൻ കഴിയാത്തവർ, വിദേശത്ത് നിന്നും തിരിച്ചു വരാൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾ, മക്കളുടെ അടുത്ത് പോയ മാതാപിതാക്കൾ, രോഗത്തിന് അടിയന്തര ചികിത്സ വേണ്ടവർ തുടങ്ങി നിരവധി ആളുകളാണ് അവരുടെ പ്രയാസങ്ങൾ പങ്കുവച്ചത്. ഇതിൽ ഏറ്റവും ഗൗരവമായി വിഷമത്തോടെ പങ്കുവെച്ചത് നാട്ടിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഗർഭിണികളായ ഉള്ളവരുടെ അവസ്ഥയാണ്.
തിരിച്ചുവരാനുള്ള ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചെങ്കിലും വിമാന നിരക്കുകൾ പലർക്കും താങ്ങാവുന്നതിനും അപ്പുറമാണ് എന്ന പരാതി ഒരുപാട് പേർ പങ്കുവച്ചു. ഏതാനും കർഷക പ്രതിനിധികളും ഓൺലൈൻ സമ്പർക്ക പരിപാടിയിൽ പങ്കെടുത്തു. റബർ കർഷകരുടെ സബ്സിഡി 2019 ഫെബ്രുവരി മാസത്തിനുശേഷം നൽകിയിട്ടില്ല എന്നും ഇത് അവരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് എന്നും റബർ കർഷക പ്രതിനിധികൾ പറഞ്ഞു. പൈനാപ്പിൾ കൃഷി കടുത്ത പ്രതിസന്ധിയിലാണെന്നും ഒരു പൈനാപ്പിളിന് ശരാശരി 25 രൂപ മുതൽ 30 രൂപ വരെ ചെലവ് വരുമ്പോൾ ഇന്ന് കർഷകർ 7 രൂപയ്ക്കും 8 രൂപയ്ക്കും വിൽക്കേണ്ട ഗതിയിൽ ആണെന്നും എന്നാൽ കർഷകർക്ക് വേണ്ടി സർക്കാർ ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല എന്നും കർഷക പ്രതിനിധികൾ പരാതിപ്പെട്ടു.
പ്രവാസികളുടെ മടങ്ങിവരവും പുനരധിവാസത്തിനും ആയി പ്രത്യേക പദ്ധതിയും പാക്കേജും സർക്കാർ പ്രഖ്യാപിക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. കോവിഡ് പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ ഒരു വർഷമായി റബർ കർഷകർക്ക് നൽകാനുള്ള റബർ സബ്സിഡി നൽകാത്ത സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയങ്ങൾ പൊതുജനമധ്യത്തിൽ ഉയർത്തിക്കൊണ്ടു വരണം എന്നതാണ് പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന് എന്നും. പതിനായിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കാളികളായ അതോടെ പരിപാടി വൻ വിജയമായി എന്നും കുഴൽനാടൻ പറഞ്ഞു.


