ചെങ്ങന്നൂര്‍ : സംഭരിച്ച നെല്ലിന്റെ പണം നല്‍കാതെ സര്‍ക്കാരും സപ്ലൈക്കോയും വഞ്ചിച്ചതോടെ കര്‍ഷകര്‍ കൂട്ടത്തോടെ കടക്കെണിയിലേക്ക്. അപ്പര്‍കുട്ടനാട്ടിലെ വലിയൊരു വിഭാഗം കര്‍ഷകരാണ് ദുരിതത്തിലായത്. നെല്ലുവില എപ്പോള്‍ നല്‍കുമെന്ന് വ്യക്തമായി പറയാന്‍ സര്‍ക്കാരും സപ്ലൈകോയും തയ്യാറാവുന്നില്ല. ഇതോടെ വലിയ ആശങ്കയിലാണ് കര്‍ഷകര്‍.
ചെങ്ങന്നൂര്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷിയുള്ള പുലിയൂര് പഞ്ചായത്തില്‍ ഏപ്രില്‍ മാസത്തില്‍ കൊടുത്ത നെല്ലിന്റെ വരെ വില കിട്ടാനുണ്ട്. നെല്ലുവില കൊടുത്തു തീര്‍ക്കാന്‍ 400 കോടി ഉടന്‍ ലഭ്യമാക്കുമെന്ന സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും വാഗ്ദാനം കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി നടത്തിയ ചര്‍ച്ചയില്‍ വായ്പയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാതെ വന്നതോടെ കര്ഷകപ്രതീക്ഷകള് അസ്തമിച്ചു. ഓണത്തിനുമുന്‍പ് കുറച്ചുരൂപയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ചെറുകിടക്കാരും പാട്ടക്കര്ഷകരുമാണ് നെല്ലുവില ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്.2022-ലെ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് വെള്ളം കയറി നശിച്ചതിനാല്‍ കര്‍ഷകര്‍ക്കു നേട്ടമുണ്ടായില്ല. പലര്‍ക്കും വലിയനഷ്ടം സംഭവിക്കുകയും ചെയ്തു. എന്നാല്‍ നഷ്ടപരിഹാരം കിട്ടിയതുമില്ല.
ഈ വര്‍ഷത്തെ പുഞ്ചക്കൃഷിയില്നിന്നു ലഭിക്കുന്ന ലാഭമുപയോഗിച്ച് മുന്‍ വര്‍ഷത്തെ കടങ്ങള്‍ വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ നെല്ലുവില ലഭിക്കാതെ വന്നതോടെ കടം പെരുകി. ബാങ്കുകളില്‍നിന്നു പലര്‍ക്കും നോട്ടീസും കിട്ടിത്തുടങ്ങി. ഇതോടെയാണ് കര്‍ഷകരുടെ ആശങ്ക വര്‍ധിച്ചത്.
നെല്ലിന്റെ വിലകൊടുക്കാന്‍ ബാങ്കുകളുടെ കണ്സോര്ഷ്യത്തിനുപകരം കേരളബാങ്കില്‍നിന്ന് വായ്പയെടുത്താലും കര്‍ഷകനു കടഭീഷണിയൊഴിയില്ല. കേരള ബാങ്ക് കര്‍ഷകരുടെ പേരിലായിരിക്കും വായ്പ കൊടുക്കുന്നത്. ഇത് തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ വൈകിയാല്‍ കര്‍ഷകന്റെ സിബല്‍ സ്കോറിനെ ബാധിക്കും.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗാരന്റിനിന്ന് വായ്പയെടുത്ത് നെല്ലിന്റെ വില കൊടുത്തു തീര്‍ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പ്രശ്നം ചര്‍ച്ച ചെയ്യാനും ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി ശനിയാഴ്ച സംയുക്ത പാടശേഖര സമിതിയുടെ യോഗം ചേരും.


