കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് 13-ാം വാര്‍ഡിലെ ഇരുമലപ്പടി മഞ്ചാടി പാടം കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 14 ഏക്കറിലധികം വരുന്ന മഞ്ചാടിപ്പാടം പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സംപൂര്‍ണ സൂഷ്മമൂലക കൂട്ടിന്റെ തളിക്കല്‍ നടത്തി. നെല്ലിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മമൂലകങ്ങളും കളകളെ നശിപ്പിക്കുന്ന ജൈവ കളനാശിനിയുമാണ് ഡ്രോണ്‍വഴി പാടത്ത് പ്രയോഗിച്ചത്. 14 ഏക്കറില്‍ 7 മണിക്കൂര്‍ മാത്രമാണ് ഇതിനായി ആകെ വേണ്ടിവന്നത്.
മഞ്ചാടി പാടം സാംസ്കാരിക കൂട്ടായ്മ സെക്രട്ടറി പി എച്ച് ഷിയാസ് അധ്യക്ഷത വഹിച്ച ചടങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫിസര്‍ സാജു ഇ പി, പി കെ ബാപ്പുട്ടി, മുഹമ്മദാലി, ഷംസുദീന്‍ ഇ എ, അലിയാര് പി വി, അബ്ദുള്‍ ഖാദര്‍, സാറ മൊയ്തു, സുബൈര്‍ പൊന്നപ്പാല, അബൂബക്കര്‍ ഇല്യാസ്, അലിയാര് ഇടപ്പാറ എന്നിവര്‍ സംസാരിച്ചു.
തൊഴിലാളി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണു മഞ്ചാടി പാടം കാര്‍ഷിക കൂട്ടായ്മ സാങ്കേതിക സഹായം തേടിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായാണ് മഞ്ചാടി പാടശേഖരത്തില്‍ 14 ഏക്കറില്‍ ഡ്രോണ്‍ ഇറങ്ങുന്നത്. 13 ലീറ്റര്‍ സംഭരണശേഷിയുള്ള ഡ്രോണാണ് ഉപയോഗിച്ചത്. 13 ലീറ്ററിന്റെ ഡ്രോണില്‍ ഒരു പ്രാവശ്യം ലായനി നിറച്ചാല്‍ ഒരേഏക്കര് സ്ഥലത്തു തളിക്കാം. തളിക്കുന്നതിനു മുന്‍പ് ഡ്രോണില്‍ കൃഷിയിടത്തിന്റെ മാപ്പ് സെറ്റ് ചെയ്യും. അങ്ങനെ ചെയ്യുന്ന കൃഷിയിടത്തില്‍ മാത്രമാകും കളനാശിനി തളിക്കുന്നത്. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയുടെ അനുമതിയും ലൈസന്‍സും നേടിയ എറണാകുളം കാക്കനാട്ടുള്ള കമ്പനിയാണു ഡ്രോണ്‍ മഞ്ചാടിപ്പാടത്ത് എത്തിച്ചത്.