‘മുവാറ്റുപുഴ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുവാറ്റുപുഴ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘മുവാറ്റുപുഴ കര്‍ഷക ഉത്പാദക സംഘടന ‘ മൊബൈല്‍ കര്‍ഷക മാര്‍ക്കറ്റ് ആരംഭിക്കുന്നു. മുവാറ്റുപുഴ അഗ്രി ഫ്രഷ് എന്ന ബ്രാന്റിലാണ് ഉത്പന്നങ്ങള്‍ ലഭ്യമാവുക. കൃഷിയിടാധിഷ്ഠിത വികസന പദ്ധതി പ്രകാരം അനുവദിച്ച പ്രൊജക്റ്റ് ആണ് മൊബൈല്‍ കര്‍ഷക മാര്‍ക്കറ്റ്. മുവാറ്റുപുഴ യിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ പ്രത്യേകിച്ച് റംബൂട്ടാന്, ഡ്രാഗണ്‍ ഫ്രൂട്ട്, മംഗോസ്റ്റീന്‍, കപ്പ, ചക്ക, വാഴക്കുല,പൈനാപ്പിള്‍ മുതലായവ എറണാകുളം ജില്ലയുടെ വൈപ്പിന്‍ പോലുള്ള പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചു വിപണനം നടത്തുകയാണ് ലക്ഷ്യമിടുന്നത്.
അവിടെ നിന്നുള്ള പ്രത്യേക ഉത്പന്നങ്ങള്‍, പൊക്കാളി അരി പോലുള്ളവ മുവാറ്റുപുഴ യിലും ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നു.കൂടാതെ കാര്‍ഷിക വിളകളില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കും. ബ്ലോക്കിലെ 8 പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, പോത്താനിക്കാട് എന്നിവടങ്ങളിലെ കര്‍ഷകരുടെ കൂട്ടായ്മ യാണ് ഉത്പന്നങ്ങളുടെ സംഭരണത്തിനും വില്പനക്കും നേതൃത്വം നല്‍കുന്നത്. കോവിഡ് കാലത്തെ പൈനാപ്പിള്‍ ചാലഞ്ച്, കപ്പ ചാലഞ്ച് എന്നിവയില്‍ നിന്നുള്ള അനുഭവംആണ് മൊബൈല്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ പ്രചോദനം ആയത്.
മൊബൈല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരം 4.30നു മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.ജോസ് അഗസ്റ്റിന് അധ്യക്ഷത വഹിക്കും. മുവാറ്റുപുഴ ആര്‍ഡിഓ പിഎന്‍ അനി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. താല്പര്യമുള്ളവര്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്


