വണ്ടന്മേട് പോലീസ് സ്റ്റേഷന് വളപ്പിലെ പടുതാകുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷന്റെ ഈ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. മത്സ്യകൃഷി ആരംഭിക്കുന്നതിനു മുന്‍പു പച്ചക്കറി കൃഷി കൊണ്ട് വണ്ടന്മേട് പോലീസ് സ്റ്റേഷന് ഏറെ ജനശ്രദ്ധ നേടിയിരുന്നു. പച്ചക്കറി കൃഷിയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ മികച്ച സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം ഇവര്‍ കരസ്ഥമാക്കിയിരുന്നു.
ഏകദേശം 500 കിലോയോളം മീന്‍ വിളവെടുപ്പില്‍ ലഭിച്ചു. പോലീസ് സ്റ്റേഷനിലെ അടുക്കളയിലേയ്ക്ക് എടുത്തതിനു ശേഷമുള്ള മീന്‍, സ്റ്റേഷനിലെ ജീവനക്കാര്‍ വിലയ്ക്കു വാങ്ങി. സംസ്ഥാനത്തു പോലീസ് സ്റ്റേഷന് വളപ്പില്‍ മത്സ്യകൃഷി നടത്തുന്നത് ഇത് ആദ്യമാണ്. വണ്ടന്മേട് പോലീസ് സ്റ്റേഷന് വളപ്പിലെ അഞ്ചു സെന്റിലാണ് കഴിഞ്ഞ ജൂണില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പടുതാകുളം നിര്‍മ്മിച്ച് മത്സ്യകൃഷി ആരംഭിച്ചത്. ഫിഷറീസിന്റെയും ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും സഹകരണത്തോടെയാണ് മത്സ്യകൃഷി. 500 അസം വാള മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരുന്നത്. മത്സ്യകൃഷിയ്ക്കായി യഥാസമയങ്ങളില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം മുന്‍കൂട്ടി കണ്ട് സംസ്ഥാനത്താകെ കാര്‍ഷികരംഗം വിപുലീകരിച്ച് ഭക്ഷ്യോത്പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്നും ഒരു സെന്റ് സ്ഥലമേ ഉള്ളൂവെങ്കിലും പച്ചക്കറി ഉള്‍പ്പെടെ അതില്‍ അനുയോജ്യമായ കൃഷികള്‍ ചെയ്യേണ്ടത് അനിവാര്യമാണെന്നും ഓരോ വ്യക്തിയും സ്ഥാപനങ്ങളും തങ്ങളുടെ പക്കലുള്ള ഭൂമി ഭക്ഷ്യോത്പ്പാദനത്തിനുതകുന്ന കൃഷിയ്ക്കായി ഉപയോഗിക്കുകയും അതിനായി സമയം കണ്ടെത്തുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി. അഡീഷണല്‍ എസ്.പി.എ.രാജന്, കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ് മോഹന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്, ഫിഷറീസ് ഉദ്യോഗസ്ഥനായ പി.കണ്ണന് തുടങ്ങിവര്‍ പങ്കെടുത്തു.


