പൂവാര്‍ : പൂവാര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ തണ്ണീര്‍ത്തടങ്ങളും കൃഷിഭൂമികളും കയ്യടക്കി ഭൂമാഫിയ. കൃഷിയിറക്കാന്‍ സൗകര്യമില്ലാതെ വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഒരുകൂട്ടര്‍. പൂവാറിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ സ്ഥലങ്ങളാണ് കൈയേറ്റക്കാരുടെ പിടിയിലായത്. ഇതിന് അധികൃതരുടെ മൗനാനുവാദം ഉണ്ടെന്ന ആക്ഷേപവും ഉയരുന്നു. പൂവാര്‍ പഞ്ചായത്തിലെ നെയ്യാറിന്റെ തീരങ്ങള്‍ കൈയേറി നിര്‍മാണം നടത്തുന്നവര്‍ക്കൊന്നും തീരനിയമങ്ങള്‍ ബാധകമല്ലാത്ത നിലയിലാണ്. പലയിടത്തും ആറിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ വ്യക്തികളുടെ സ്വന്തമാണ്.
പൂവാര്‍ ഗ്രാമപ്പഞ്ചായത്തിനെ സമ്പുഷ്ടമാക്കിയിരുന്ന കൈപ്പൂരി നെല്‍വയലുകള്‍ കൈയേറ്റം കാരണം നാശത്തിന്റെ വക്കിലാണ്. ഇവിടെ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തിയും കരിങ്കല്‍ ഭിത്തി നിര്‍മിച്ചും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടും തടയാന്‍ നടപടിയില്ല. ഇവിടെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പ് അവഗണിച്ചാണ് വയലുകള്‍ മണ്ണിട്ട് നികത്തി കരയാക്കി നിര്‍മാണം നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ നിര്‍മാണം തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.
ചകിരിയാര്‍ മുതല്‍ പനച്ചമൂട്ടുകുളം വരെ നീളുന്നതാണ് കൈപ്പൂരി ഏല. ഇതിനിടയില്‍ വരുന്ന താമരക്കുളത്തിന്റെ വശങ്ങളും കൈയേറ്റക്കാരുടെ പിടിയിലാണ്. ഇവിടെ കൈപ്പൂരി മുതല്‍ താമരക്കുളം വരെ നീര്‍ച്ചാലും രണ്ട് മീറ്ററോളം വീതിയില്‍ നടവരമ്പും ഉണ്ടായിരുന്നു. എന്നാല്‍ പലയിടത്തും നീര്‍ച്ചാലുകളുടെ വീതി കുറഞ്ഞും നടവരമ്പ് കൈയേറ്റവും കൊണ്ട് ദിവസം കഴിയുന്തോറും പുറമ്പോക്ക് ഭൂമികള്‍ അപ്രത്യക്ഷമാകുകയാണ്.
കൃഷിക്കാവശ്യമായ ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിനും വിളവെടുപ്പിനും മറ്റുമായി കര്‍ഷകര്‍ സഞ്ചരിച്ചിരുന്നതും വിശ്രമിക്കുന്നതും ഈ നടവരമ്പിലാണ്. എന്നാല്‍ കൈയേറ്റത്താല്‍ നടവരമ്പ് തന്നെ കൈയേറി സ്വന്തമാക്കിയവരുണ്ടിവിടെ. കൈപ്പൂരിയിലെ കൃഷിയിടങ്ങള്‍ ഇരുപ്പൂ കൃഷിക്ക് അനുയോജ്യമായിരുന്നു. താമരക്കുളം, കാട്ടുകുളം, പനച്ചമൂട്ടുകുളം, ശാസ്താംകുളം തുടങ്ങിയ കുളങ്ങളിലെ ജലമാണ് കൃഷിക്കായി ഉപയോഗിച്ചിരുന്നത്. കൂടാതെ നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ കനാല്‍ ജലവും കൃഷിക്കായി ഇവിടെ എത്തിച്ചിരുന്നു. ഇവിടെ ഇരുന്നൂറോളം ഹെക്ടര്‍ വിസ്തൃതിയിലാണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. എന്നാല്‍ ഇന്നിവിടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൃഷി ഭൂമി മുഴുവന്‍ മണ്ണിട്ട് നികത്തുകയാണ്.