തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറില്‍ ഷണ്മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകന് യുവാന്‍ ആണ് മരിച്ചത്. ബൈപ്പാസ് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അമ്മക്കൊപ്പം കടയില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ മുക്കോല ബൈപാസില്‍ പോറോഡ് പാലത്തിനു സമീപത്തുവെച്ച് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാനും അമ്മയും. ആ സമയം അമിത വേഗത്തിലെത്തിയ വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. സംഭവ കണ്ട് ഓടിയെത്തിയപ്പോള്‍ കുട്ടി ദൂരേ വീണ് കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിയപ്പോള്‍ കുട്ടിയെ ഇടിച്ചുതെറിപ്പിച്ച വാഹനത്തിന്റെ ചില ഭാഗങ്ങള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അപകടമുണ്ടായ വാഹനം കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.


