കൊച്ചി : കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുട്ടി. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ നല്കി വരികയായിരുന്നു.
അതേസമയം സ്ഫോടന സ്ഥലത്ത് വെച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ഇവര്‍ ഒറ്റയ്ക്കാണ് പ്രാര്‍ഥനാ യോഗത്തിനെത്തിയത്. ഇതാണ് ഇവരെ തിരിച്ചറിയാന്‍ വൈകിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ലയോണയെ കാണാനില്ലെന്ന് ബന്ധു പൊലീസില്‍ പരാതിപ്പെട്ടതാണ് നിര്‍ണായകമായത്. പിന്നാലെ രാത്രി വൈകി ബന്ധുവെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. ലയോണയുടെ മകള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൃതദേഹം തിരിച്ചറിയണം. ഇതിന് ശേഷം മാത്രം മൃതദേഹം വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് അധികൃതര്‍. തൊടുപുഴ കാളിയാര്‍ സ്വദേശിയായ കുമാരി (53)യും ഇന്നലെ രാത്രി മരിച്ചിരുന്നു. ഇവര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. 16 പേര് ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. നാല് പേരുടെ അതീവ ഗുരുതരമാണ്.
ഇന്നലെ രാവിലെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമുമ്പോള്‍ 2400 ഓളം ആളുകള്‍ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്വെന്ഷന് സെന്ററിലുണ്ടായിരുന്നത്. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുകയായിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജിലുള്ള വിദഗ്ധരുടെ ടീം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നിലവില്‍ ചികിത്സകള്‍ നടത്തുന്നത്.
ഇതിനിടെ സ്ഫോടനം നടത്തിയത് കീഴടങ്ങിയ എറണാകുളം സ്വദേശി ഡൊമിനിക് മാര്ട്ടിന് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. രാവിലെ സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്റര്‍നെറ്റിലൂടെയാണ് ഡൊമിനിക് ഐഇഡി സ്ഫോടനം പഠിച്ചതെന്നും പോലീസ് പറഞ്ഞു. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം സ്വദേശി ഡൊമിനിക് മാര്ട്ടിന് നേരത്തെ കൊടകര പോലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്ട്ടിന് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നതിന് മുന്‍പ് ഡൊമിനിക് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പേജില്‍ വീഡിയോയും പങ്കുവെച്ചിരുന്നു.


