കുമ്പള: കാര്‍മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി പേരാലിലെ മുഹമ്മദ് ഫറാസ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പുത്തിഗെ കട്ടത്തടുക്കയിലാണ് അപകടം നടന്നത്. കാറിന്റെ ഒരു വശത്തിരുന്ന ഫറാസിന് വീഴ്ചയില്‍ നട്ടെല്ലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച സ്കൂള്‍ ഓണാവധിക്കായി അടയ്ക്കുക്കുന്നതിനാല് ഓണാഘോഷ പരിപാടി നടന്നിരുന്നു. അംഗഡിമൊഗറില്‍നിന്ന് കട്ടത്തടുക്ക വരെ പോലീസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, വിദ്യാര്‍ഥികളുടെ അപകടകരമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
അംഗഡിമൊഗറില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ വിദ്യാര്‍ഥികളെ കണ്ടപ്പോള്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. കാറിന്റെ ഒരു വാതില്‍ തുറന്നിട്ടാണുണ്ടായത്. എസ്.ഐ. പരിശോധനയ്ക്കെത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് പിന്നോട്ടെടുക്കുകയും പോലീസ് വാഹനത്തെ ഉരസി അതിവേഗത്തില്‍ മുന്നിലൂടെ പോകുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. പിന്നീട് കട്ടത്തടുക്കയില്‍ വാഹനം മറിയുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ ഒരു കുട്ടി മാത്രമാണ് വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ കുമ്പളയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.


