കീവ്: ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 21 സൈനിക വിദ്യാര്‍ത്ഥികളും ഏഴ് വിമാന ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് ഉക്രൈയിന് ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്ചെങ്കോ പറഞ്ഞു. ലാന്ഡിംഗിനിടയിലാണ് അപകടം. ഉക്രൈയിനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന്നു സംഭവം.
ചുഹൂവ് സൈനിക വ്യോമതാവളത്തില്‍ പറന്നുയര്‍ന്ന അന്റനോവ് -26 വിമാനമാണ് തകര്‍ന്നത്. വിമാനാപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി ശനിയാഴ്ച പ്രദേശം സന്ദര്‍ശിക്കുമെന്നും വിമാനാപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജെറാഷ്ചെങ്കോ അറിയിച്ചു. വിമാനം തര്‍ന്നയുടനെ തീ പിടിച്ചിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.


