കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ല എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ എ.എല്‍.എച്ച്. ധ്രുവ് മാര്‍ക് 3 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടത് കോസ്റ്റ് ഗാര്‍ഡിന്റെ എ.എല്‍.എച്ച്. ധ്രുവ് മാര്‍ക് 3 ഹെലികോപ്ടര്‍. അപകട സമയത്ത് മൂന്ന് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ആര്‍ക്കും സാരമായി പരുക്കേറ്റിട്ടില്ല. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകട സമയത്ത് ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നത് കോസ്റ്റ്ഗാര്‍ഡ് പൈലറ്റായ പൈലറ്റ് സുനില്‍ ലോട്ലയാണെന്നാണ് സൂചന.
അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാന സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ തടസപ്പെടുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. രണ്ടു രാജ്യാന്തര വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. റണ്‍വേയുടെ പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെങ്കിലും റണ്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാവാന്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.


