തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഒരാളെ പിരിച്ചു വിടുകയും രണ്ടുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു എന്ന് മന്ത്രി പറഞ്ഞു.
പത്തനാപുരം സ്വദേശിനി നദീറയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മേയ് 15ന് ആര് സി സിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്.
അതിനിടെ നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ ഫലം. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികില്‍സയിലായിരുന്നു. ആശുപത്രിയധികൃതര്‍ അനാസ്ഥ കാട്ടിയെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.


