മൂവാറ്റുപുഴ: ആരക്കുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂഴി പാലത്തിന് സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടത്തില്‍ പെരിങ്ങഴ താണിക്കുഴിയില്‍ പരേതനായ സിനിലിന്റെ മകന് അഭിഷേക് ടി. സിനില്‍(20) ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്നും പണ്ടപ്പിള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അഭിഷേക് സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ വരികയായിരുന്ന രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിഷേക്. നഗരത്തിലെ ബാറില്‍ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4മണിക്ക് മുവാറ്റുപുഴ മുനിസിപ്പല്‍ സ്മശാനത്തില്‍ നടക്കും. മാതാവ്: മജ്ഞുഷ. സഹോദരന് നന്ദു ടി. സിനില്‍