കന്യാകുമാരി: നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. ഏഴ് പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. സതീഷ്, കണ്ണന്, അജിത് എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരുക്കേറ്റ സജിത, അനാമിക, അഷ്മിത് എന്നിവരെ ആശാരിപ്പള്ളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ നാഗര്‍കോവില്‍- തിരുനെല്‍വേലി ദേശീയപാതയിലെ വെളളമടം എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. തൃച്ചന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വാഹനത്തില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്ത് പേര് കന്യാകുമാരി സ്വദേശികളും ഒരാള്‍ മലയാളിയുമാണെന്നാണ് വിവരം. നൃത്ത പരിപാടിക്ക് ശേഷം രാവിലെ അഞ്ചു മണിയോടെയാണ് ഇവര്‍ മടങ്ങിയത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


