മൂവാറ്റുപുഴ : മൂവാറ്റുപുഴ തേനി റോഡിൽ കല്ലൂർക്കാട് കോട്ടക്കവലയിൽ പൈനാപ്പിൾ കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തിൽ മണിയുടെ മകൻ കാശിനാഥൻ (10) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ വീട്ടിൽ നിന്നും കടയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോൾ കല്ലൂർക്കാട് നിന്നും മൂവാറ്റുപുഴക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ കാശിനാഥനെ ഇടിക്കുകയായിരുന്നു.
വാഴക്കുളം ലിറ്റിൽ തെരേസാസ് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കാശിനാഥൻ. അപകടം കണ്ട് ഓടികൂടിയ നാട്ടുക്കാർ വിദ്യാർത്ഥിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലൂർക്കാട് പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.


