മൂവാറ്റുപുഴ : കൂത്താട്ടുകുളം – മൂവാറ്റുപുഴ എം.സി.റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ റോഡ് സുരക്ഷ അതോറിറ്റി കാര്യക്ഷമമായി ഇടപെടണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടെ ചെറുതും വലുതുമായ അപകടത്തെ തുടര്‍ന്ന് നിരവധി ജീവനുകളാണ് എം സി റോഡില്‍ പൊലിഞ്ഞത്.. എം.സി.റോഡിലെ വളവുകള്‍ ആണ് അപകടത്തിന് മുഖ്യ കാരണം. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ നാല് പേരാണ് മരിച്ചത്. റോഡപകടങ്ങള്‍ നിത്യസംഭവമായി മാറുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിപ്പിച്ച് ഇതിന് പരിഹാരം കാണണം.
റോഡ് നിര്‍മ്മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ പലതും ഇന്ന് അപ്രതീക്ഷമായിരിക്കുകയാണ്. റോഡ് പരിശോധനയിലും അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെ അധികൃതര്‍ക്കുള്ള അനാസ്ഥ തുടരുകയാണ്. റോഡ് സുരക്ഷ പദ്ധതിയില്‍ നിന്ന് പണം അനുവദിച്ച് അപകടങ്ങള്‍ കുറക്കാന്‍ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എല്‍ദോ എബ്രഹാം കത്ത് നല്കി.വാഹനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സെസും, ഉടമകളില്‍ നിന്നും പിഴയായി ചുമത്തുന്ന തുകയും റോഡ് സുരക്ഷ ഫണ്ടിലേക്കായി മാറ്റി വയ്ക്കുന്നത് .ഇത്തരം ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.


