കോട്ടയം: കിടങ്ങൂര്‍ ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള പടക്കനിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു.
പടക്കശാലയിലെ ജീവനക്കാരനായ ഐക്കരയില്‍ ജോജിക്കാണ് പൊള്ളലേറ്റത്.
ചെമ്പിളാവ് സഹകരണ ബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസി എന്നയാളുടെ വീട്ടിലാണ് രാവിലെ പത്തരയോടെ അപകടമുണ്ടായത്. മാത്യു ദേവസിയുടെ സഹോദരൻ ജോസഫിന്റെ പേരില്‍ വെടിമരുന്ന് ഉപയോഗത്തിന് ലൈസൻസ് ഉണ്ടെന്നാണ് സൂചന.
വീടിന് മുകളില്‍ വെടിമരുന്നും ഉപ്പും തിരിയും ഉണക്കാനിട്ടിരുന്നു. അവിടെ നിന്നാണ് ഇവ പൊട്ടിത്തെറിച്ചത്. രണ്ടുകിലോ മീറ്ററോളം സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. കുട്ടികള്‍ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റ ജോജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരുതര പൊള്ളലുണ്ട്. പോലീസിന്റെ പരിശോധന ഈ വീട്ടില്‍ നടക്കുകയാണ്.