പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു.
മൂവാറ്റുപുഴ: എവറസ്റ്റ് ജംഗ്ഷന്-കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് റോഡ് നവീകരണത്തിന് തിങ്കളാഴ്ച തുടക്കമാകും. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം രാവിലെ 9.30ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദിന് സമീപം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ സശീധരന്‍ അധ്യക്ഷത വഹിക്കും. റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോതമംഗലം-മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് വരെയുള്ള റോഡും, ചന്തക്കടവ് റോഡും, സെന്‍ട്രല്‍ ജുമാമസ്ജിദ് റോഡും ബിഎം ബിസി നിലവാരത്തിലാണ് ടാര്ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം റോഡിലെ വെള്ളകെട്ടുള്ള ഭാഗങ്ങളിലെ ഓടകളും നവീകരിക്കും.
മൂവാറ്റുപുഴയിലെ അതിപുരാതന റോഡുകളിലൊന്നാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിന്റെ സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഈ റോഡിന്റെ നവീകരണം അനന്തമായി നീളുകയായിരുന്നു. റോഡ് ശോച്യാവസ്ഥയിലാകുമ്പോള് വ്യാപരികളില്‍ നിന്നും പ്രതിഷേധം ഉയരുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് പതിവ്. മൂവാറ്റുപുഴ-കോതമംഗലം റോഡിന്റെ സമാന്തര റോഡായിട്ടും ഇതിനെ ഉപയോഗിക്കുന്നുണ്ട്. കോതമംഗലം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളും ബസുകളും ഈ റോഡിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് എത്തുന്നത്. ഇത് കൂടാതെ തൊടുപുഴ, പിറവം ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകള്‍ കാവുംങ്കര ബസ്റ്റാന്റില്‍ നിന്നും ഇതിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് പ്രവേശിക്കുന്നത്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ്, നിര്‍മ്മാണം പൂര്‍ത്തിയായ നഗരസഭയുടെ അര്‍ബണ്‍ ഹാറ്റ്, എന്നിവ അടക്കമുള്ള കാവുംങ്കരയുടെ വികസനത്തിന് മുതല്‍ കൂട്ടാകുമെന്ന് എല്‍ദോ എബ്രഹാം എംഎല്.എ.പറഞ്ഞു.


