മെല്‍ബണ്‍: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകൾ. ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രിയില്‍ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തുന്നത്.
ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചികിത്സകളോട് പ്രതികരിക്കുന്നില്ല. കൂടുതല്‍ വിദ്ഗദ ചികിത്സക്കായി സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
2010ല്‍ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ച കെയ്ന്‍സ് പിന്നീട് ഓസ്ട്രേലിയയിലാണ് താമസിച്ചിരുന്നത്. 1998 മുതല്‍ 2006 വരെ ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടറായ കെയ്ന്‍സ് 2000-ത്തില്‍ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി.
വിമത ചാബ്യയന്ഷിപ്പായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചണ്ഡിഗഡ് ലയണ്‍സിന്റെ ക്യാപ്റ്റനായിരുന്ന കെയ്ന്‍സ് 2008ല്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങി. 2012ല്‍ മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദിക്കെതിരെ അപകീര്‍ത്തിക്കേസ് ജയിച്ചെങ്കിലും താരം സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു.


