ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം ആകാം. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശനം വിലക്കിയുള്ള ചട്ടം സുപ്രീം കോടതി റദ്ദാക്കി. അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വിധിച്ചു.
സ്ത്രീ പുരുഷന് തുല്യമാണ്. വിവേചനം സ്ത്രീകളുടെ അന്തസ് ഇടിച്ചു താഴ്ത്തും. 1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടം ഭരണഘടനാ വിരുദ്ധമാണ്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം തടയുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്. ശാരീരിക പ്രത്യേകത വെച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ തടയാന്‍ സാധിക്കില്ല. മതമെന്നത് ജീവിതത്തെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഒരു പാത മാത്രമാണ്. ഒരു വിഭാഗത്തിന് മാത്രം ആധിപത്യമുള്ള വിശ്വാസ സമത്വം അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി ന്യായത്തില്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് റോഹിങ്?ടണ്‍ നരിമാന്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അഞ്ച് വിഷയങ്ങളില്‍ വിധി പുറപ്പെടുവിച്ചത്. ഇതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം നാലു പേര് ഒരേ അഭിപ്രായവും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പും രേഖപ്പെടുത്തി.
ശബരിമല സന്നിധാനത്തെ സ്?ത്രീ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യങ് ലോയേഴ്സ് അസോസിയേഷന് അടക്കമുള്ളവര്‍ നല്കിയ ഹരജികളിലാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശനത്തിനുള്ള വിലക്കാണ് സുപ്രീംകോടതി മുമ്പാകെ ഹരജിക്കാര്‍ ചോദ്യം ചെയ്തത്. 12 വര്‍ഷം നീണ്ട കേസിലാണ് പരമോന്നത കോടതിയുടെ വിധി വന്നത്.
ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാരുടെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി രാജ്യത്തെ മറ്റ് മതങ്ങളിലും നടപ്പാക്കണമെന്നുള്ള ആവശ്യം ഉയരാന്‍ ഇടയാക്കുമെന്ന് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്ത് മതേതര അന്തരീക്ഷം നിലനിര്‍ത്തുന്നതിന് തടസം നേരിടും. ആയതിനാല്‍ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹരജി തള്ളണമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു.
രാജ്യത്ത് വിവിധ മതാചാരങ്ങള്‍ പുലര്‍ത്തുന്ന വിഭാഗങ്ങളുണ്ട്. ആര്‍ക്കും അവര്‍ വിശ്വസിക്കുന്ന മതങ്ങളില്‍ ഉറച്ചുനില്ക്കാനും ആചാരങ്ങള്‍ പിന്തുടരാനും ഭരണഘടന അനുവദിക്കുന്നുണ്ട്. മതാചാരങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ല. പക്ഷപാതപരമായ കാര്യങ്ങളാണെങ്കിലും കോടതി ഇടപെടരുത്. യുക്തി മാനദണ്ഡമാക്കി മതകാര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കരുത്. മൗലികാവകാശത്തില്‍ സമത്വാവകാശവും മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശവും തമ്മില്‍ പൊരുത്തകേടുണ്ടെന്നും അഞ്ചംഗ ബെഞ്ചിലെ ഏക വനിതാംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിന്യായത്തില്‍ വ്യക്തമാക്കി.
അയ്യപ്പ ഭക്തര്‍ക്ക് ഒരേ തരത്തിലുള്ള ആരാധനയാണ് ഉള്ളതെന്നും ആര്ത്തവകാലമുള്ളത് കൊണ്ട് മാത്രം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും ജസ്റ്റിസ് റോഹിങ്?ടണ്‍ നരിമാന് തന്റെ വിധിയില്‍ ചൂണ്ടിക്കാട്ടി. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നത് ഭരണഘടനയുടെ 26ാം അനുഛേദം പ്രകാരം തെറ്റാണ്. സ്ത്രീകള്‍ക്ക് ആരാധനാവകാശം ഉണ്ടെന്നും ജസ്റ്റിസ് നരിമാന് വ്യക്തമാക്കി.
സദാചാരം സംബന്ധിച്ച പൊതുധാരണകള്‍ മറ്റുള്ളവരുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്നതാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. സ്ത്രീയുടെ ശാരീരിക പ്രത്യേകത കൊണ്ട് അവരുടെ പ്രവേശനം തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള മതാചാരങ്ങള്‍ക്ക് നിയമസധുത നല്ക്കാന് കോടതിക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നു.
സ്ത്രീകളുടെ പ്രവേശനം ഭരണഘടനയുടെ 14, 15, 16, 17, 25, 26 അനുഛേദങ്ങളുടെ ലംഘനമാവുമോ, സ്ത്രീകളുടെ ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം ശരിയാണോ, ശബരിമല അയ്യപ്പ ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമാണോ, സ്ത്രീകള്‍ക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ, കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ ആരാധനയുടെ പേരില്‍ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ ചട്ടം അനുവദിക്കുന്നുണ്ടോ, ശബരിമലയില്‍ ഒരുവിഭാഗത്തെ മാറ്റിനിര്‍ത്താന്‍ വിശ്വസവും ആചാരവും പ്രകാരം സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്.


