പത്തനംതിട്ട: കൃഷിക്കാരും കൃഷിയും അടങ്ങുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പത്തനംതിട്ട ജില്ലയിലെ പന്തളം കടയ്ക്കാട് കൃഷി ഫാം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹം കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയാറാകണം. സാമൂഹിക അകലം പാലിച്ച് നില്ക്കുന്ന ഈ കോവിഡ് കാലഘട്ടത്തില്‍ മണ്ണിനോടും കൃഷിയോടും അകലം പാലിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കര്ഷകന് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വിലനല്‍കി മുന്നോട്ടുപോകാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും.
കര്ഷകന് അന്തസായ ജീവിതം നയിക്കാനും വരുമാനത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടാക്കാനും പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും. മുടിയൂര്‍ക്കോണം എം.ടി.എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്, മഴമൂലം നശിച്ച കരിങ്ങാലി പുഞ്ച പ്രദേശം എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.
നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഡി ഷീല, ജില്ലാ കൃഷി ഓഫീസര്‍ അനിലാ മാത്യു, പന്തളം കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.


