ചെറുതോണി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 21 ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങളും പൂര്‍ണ്ണ സുരക്ഷിതരാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയാണ് അവര്‍ക്കുള്ളതെന്നും അഡ്വ. ജോയ്സ് ജോര്‍ജ് എം പി പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ മാങ്കുളം പഞ്ചായത്ത് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് എം പി ഇക്കാര്യം പറഞ്ഞത്. എണ്ണയിട്ട യന്ത്രം പോലെ സര്‍ക്കാര്‍ സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തഹസില്‍ദാര്‍ തലത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിഭാഗവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പും, പോലീസും ക്യാമ്പുകളില്‍ കൃത്യതയാര്‍ന്ന ഏകോപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം,. വസ്ത്രം, പായ, പുതപ്പ്, മരുന്നുകള്‍, വാര്‍ത്താവിവരങ്ങള്‍ അറിയുന്നതിനായി ടെലിവിഷന്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒരിടത്തും കാര്യമായ പരാതികളില്ല. ചെറുതോണി ടൗണുമായുളള ബന്ധം മുറിഞ്ഞു പോയ ഗാന്ധിനഗര്‍ കോളനിയിലെ മൂന്നൂറോളം കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘനടകള്‍ വഴി പ്രത്യേകസഹായത്തിനായി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും എം പി അറിയിച്ചു. കുവൈറ്റിലെ ഇടുക്കി അസോസിയേഷന് സംഘടന സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അവര്‍ ഇന്ന് എത്തിച്ചേരും എന്ന് അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലെ ലയണ്‍സ് ക്ലബ് ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ഇന്ന് ക്യാമ്പുകളില്‍ എത്തും. പെരിയാര്‍ തീരവാസികളായ തടിയംപാട് പ്രദേശത്തെ വീട് നഷ്ടപ്പെട്ടവര്‍ക്കും സഹായങ്ങള്‍ എത്തിക്കാന്‍ പരിശ്രമിക്കുകയാണ്. ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന് ഇപ്പോള്‍ തന്നെ ക്യാമ്പുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്, അഭിഭാഷക സംഘടനകള്‍ ഉള്പ്പടെയുള്ളവരോടെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രദേശത്ത് കുറവുകള്‍ ഉണ്ടെങ്കില്‍ നേരിട്ട് അറിയിച്ചാല്‍ ഉടന്‍ പരിഹാരം കാണുമെന്നും എം പി പറഞ്ഞു.